പനങ്ങാട്: ദേശീയ പാതയിൽ വാഹന യാത്രക്കാരുടെ പേടി സ്വപ്നമായി മാറുകയാണ് കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപത്തെ പ്രദേശങ്ങൾ. പാർക്കിംഗ് നിരോധനമുള്ള ഇവിടെ യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് യാത്രക്കാരുടെ ജീവന് ഭീഷണിയായി കണ്ടെയ്നർ ലോറികളും ട്രെയ്ലർ ലോറികളുമുൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിടുന്നത്.
നിർത്തിയിടുന്ന ലോറികളിൽ മറ്റു വാഹനങ്ങളിടിച്ച് ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. ഇന്നലെയും വ്യാഴാഴ്ച യുമായി പ്രദേശത്തുണ്ടായ രണ്ട് അപകടങ്ങളിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അനധികൃതമായി നിർത്തിയിട്ടിരുന്ന ലോറികളിലിടിച്ചായിരുന്നു രണ്ട് അപകടവും. അപകടമുണ്ടാകുന്നതിന് പിന്നാലെ അപകടമുണ്ടാക്കിയ ലോറി മാറ്റുമെങ്കിലും അതേ സ്ഥലങ്ങളിൽ വീണ്ടും മറ്റ് ലോറികൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ഇവിടെയുണ്ടായ അപകടങ്ങളിൽ ഒട്ടേറെയാളുകൾക്ക് ജീവഹാനി സംഭവിച്ചു കഴിഞ്ഞു. പനങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂര പരിധിയ്ക്കുള്ളിലാണ് അപകടം വരുത്തി വയ്ക്കുന്ന സ്ഥലങ്ങളെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ആവശ്യമായ നടപടികളുണ്ടാകുന്നില്ലെന്നും അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും പിഴയീടാക്കുന്നത് മാത്രമാണ് മുറപോലെ നടക്കുന്നതെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.
മുൻപ് ഇവിടെ നിർത്തിയിട്ട ലോറിയിൽ തടി കയറ്റിക്കൊണ്ടു വന്ന ലോറിയിടിച്ചുകയറി ഡ്രൈവറും ക്ലീനറുമുൾപ്പെടെ മരിക്കുകയും തടികൾ കെട്ടഴിഞ്ഞ് ദേശീയ പാതയിൽ വീഴുകയും ചെയ്തിരുന്നു. അന്ന് ഏറെ സമയമെടുത്താണ് ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചത്. ഇത്തരത്തിൽ നിരവധി അപകടങ്ങൾഇവിടെ നടക്കുന്നുണ്ടെങ്കിലും അപകടത്തിനിടയാക്കുന്ന സാഹചര്യത്തെ സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ കണ്ണുകൾ ഇനിയും തുറക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.